ഒരു വിലാപം
തലയറ്റു പോയൊരെൻ കാൽവിരൽ നോക്കി ഞാൻ
ഉമ്മറത്തിണ്ണയിലിരിക്കെ,
എന്തിനീ പതിതമാം ജന്മമെന്നൊരുവേള
എൻമനം ചോദിച്ചു പോയി.
വിറകിൻ കൊള്ളി പോലായോരെൻ പാദത്തിൻ
ഒരു നേർത്ത തേങ്ങലായ് പാദം തലോടുമെൻ
പതിയെ ഞാൻ കനിവോടെ നോക്കി
"പെരു വിരൽ പോകിലെ ,തൊൻപതും ഞാനുമു"-
ണ്ടലിവൂറുമാനോട്ടമോതി
ഒരു ഭരണി മധുരം കിനാവിൽ നുണഞ്ഞു കൊ -
ണ്ടൊരു ചായ മൊത്തിക്കുടിക്കെ
കീറിയ പുസ്തകം മാറത്തടുക്കി ഞാൻ
പിന്നിട്ട ബാല്യം രുചിച്ചു.
ഇത്തിരി മധുരം കലർന്നുള്ള ചായയും
മോഹമായ് ശേഷിച്ച കാലം
പാദയോരത്തുള്ള കടയിലെ മിട്ടായി
ഭരണിയിൽ കൊതിയോടെ നോക്കെ
മധുരമാം പഞ്ചാരക്കിത്രമേൽ കയ്പെന്ന-
തോർക്കാൻ കഴിഞ്ഞതെയില്ല .
വിരലഗ്രം വ്രണമായി മുഴുകാലിൽ വ്യാപിക്കാ -
നിടവരുമത്രെയീ മധുരം
പേരിൽ മധുരമുണ്ടെങ്കിലും - ജീവിതം
കയ്പ്പിക്കുമെന്നതേ സത്യം
ഉഷ മണലായ
ഉഷ മണലായ

No comments:
Post a Comment